Saturday 18 August 2012

അബസ്വരങ്ങളേ വസീമിന് മാപ്പ് തരൂ...




"വസീകരണങ്ങള്‍ " എന്ന എന്‍റെ ഈ കൊച്ചു ബ്ലോഗ്‌ ആള്‍ക്കാരെപറ്റിക്കല്‍ തുടങ്ങിയിട്ട് അഞ്ച് മാസം തികയുന്ന ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലുമൊക്കെ പോസ്റ്റണം എന്ന അതിയായ ആഗ്രഹം മനസ്സില്‍കയറിക്കൂടിയിട്ട് കുറേ കാലമായി...

Thursday 2 August 2012

"ഇജ്ജ് എന്തിനാ പിന്നെങ്ങട്ട് പോന്നത്?"


ഈ സംഭവവും എനിക്കുണ്ടയതല്ല, എന്റെ വേറൊരു സുഹൃത്തിനുണ്ടയതാണ്. ഇതിനു മുമ്പത്തെ പോസ്റ്റി ലേത് പോലെ ഇതിലും ഞാന്‍ എന്നാ സൂത്രവാക്യം "എന്റെ സുഹൃത്ത്' എന്നതിന് തുല്യമാണ്.(ഞാന്‍=എന്‍റെ സുഹൃത്ത്). .
     ഈ സംഭവം നടക്കുന്നത് എന്‍റെ തൊട്ടുമുമ്പത്തെ പോസ്റ്റില്‍ പരാമര്‍ശിച്ച അതേ സ്ഥലത്ത്, അതേ സ്കൂളിനു സമീപത്തെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ്. ആദ്യമേ അവിടേക്ക് പോകാതെ ആ ദിവസത്തിന്റെ തുടക്കം മുതല്‍ പറയാം.
  ആ ദിവസം; കൃത്യമായി പറഞ്ഞാല്‍ ജൂലൈ മാസത്തിലെ ഒരു ശനിയാഴ്ച, അന്ന്‍ ഞാന്‍ എണീറ്റത് കഠിനമായ പനിയുടെയും ക്ഷീനതിന്റെയും ലോകത്തെക്കായിരുന്നു...
 ഉദ്ദേശം ഒരു പതിനൊന്നു മണിയായിക്കാണും, പരപരാ വെളുത്ത പകല്‍;ഞാനെന്ന ഇതിഹാസം മുറ്റത്തൂടെ ഉലാത്തുകയായിരുന്നു..

ആ ഉലാത്തല്‍ മാത്രമേ എനിക്കോര്‍മയുള്ളൂ, കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു...

അതെ, ചെറുപ്പത്തില്‍ വാരിക്കോരി മുള്ളിയ അതേ കട്ടിലില്‍ തന്നെ...

ആ കട്ടിലിലങ്ങനെ കിടന്ന്‍ ഞാന്‍ ആ തിരിച്ചുവരാത്ത ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നു..(അയവിറക്കിയത് തുപ്പലം ആയിരുന്നു എന്ന്‍ പിന്നീട് ഞാന്‍ മനസിലാക്കി). അപ്പോഴാണ്‌ സൂര്യ ടിവിയിലെ   മമ്ത ചേച്ചിയെപ്പോലെ "കയ്യില്‍ ഒരു ചായാ, ആര്‍ യൂ റെഡി?" എന്ന്‍ ചോദിച്ച് കയ്യില്‍ ഒരു ഗ്ലാസ് കട്ടന്ചായയുമായി എന്‍റെ മാതാജി കടന്നുവരുന്നത്.
     
     "ആ ക്ഷീണമല്ലെ,  മധുരമേറിയ ഒരു ചായ കുടിച്ചുകളയാം" എന്ന് കരുതി ആ ഗ്ലാസ്‌ പിടിച്ചുവാങ്ങി കാടിവെള്ളം കണ്ട 'പജ്ജി'നെപ്പോലെ  ഞാന്‍ മോന്തിക്കുടിക്കാന്‍ തുടങ്ങി...
   എന്നാല്‍ വളരെ വൈകിയാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്, അത് മധുരമേറിയ ചായയായിരുന്നില്ല, മറിച് ഉപ്പും നാരങ്ങാനീരും ചായപ്പൊടിയും കൂടി ചേര്‍ത്ത ഒരു മിശ്രിതമായിരുന്നു എന്ന....
മനസില്ലാമനസ്സോടെയാണെങ്കിലും ഞാന്‍ ആ ഗ്ലാസ് കുടിച്ചു തീര്‍ത്തു... അതിനിടയിലാണ് മാതാജി ആ സത്യം പറയുന്നത്; ഞാന്‍ ബോധം കേട്ട് വീണതായിരുന്നു എന്ന്‍..,...
  എനിക്കില്ലാത്ത ആ സാധനം എങ്ങനെ കെട്ടു എന്നായി പിന്നീട് എന്‍റെ ചിന്ത..

അങ്ങനെ ഒരു രണ്ട് മണി വരെ ഞാന്‍ ചിന്തിചിട്ടുണ്ടാവും..ആ ചിന്തക്കൊടുവില്‍ ഞാന്‍ ഒരു തവണ ശര്ദിക്കുകയും ഒരു തവണ ഭക്ഷണം കഴിക്കുകയും ചെയ്തു. ആ ശര്ദിലോട് കൂടി  ഞാന്‍ ഹോസ്പിറ്റലില്‍ പോവാന്‍ തീരുമാനിച്ചു.
  
     അങ്ങനെ അയവിറക്കാനുള്ള വിലപ്പെട്ട സമയം പാഴാക്കി ഞാന്‍ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെത്തി..അവിടെ ഞാന്‍ കണ്ട കാഴ്ച, ചാണ്ടി സാറിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് പോലും കാണാത്തത്ര നീണ്ട ജനം..!.അത്രയും നേരം അയവിറക്കി ഉണ്ടാക്കിയ ഊര്‍ജം മുഴുവന്‍ ഒറ്റയടിക്ക് തീര്‍ന്നുപോയി..
       
       ഏതായാലും വന്നു ഇനി നിന്നുകളയാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു..ഞാന്‍ അങ്ങനെ തോറ്റു കൊടുക്കുന്ന സൈസ് അല്ല, ഞാന്‍ എം എം മണിയുടെ ആളാ; ഞാന്‍ ചിലപ്പോ വെട്ടും ചിലപ്പോ കുത്തും...
     ആ നിര്‍ത്തത്തിനിടയില്‍ എന്‍റെ ഇപ്പുറത്തുള്ള സ്ത്രീകളുടെ സംഭാഷണത്തിലായി എന്‍റെ ശ്രദ്ധ..
 
  സ്ത്രീ 1 :"ചത്ത എലിയാത്തരെഡീ, ചത്ത എലി.."
  സ്ത്രീ 2 :"എന്താപ്പൊലേ മന്സന്മാരൊക്കെ ഇങ്ങനെ ആയാല്..."
  സ്ത്രീ 1 :"ആ ഞമ്മളിപ്പോ എന്ത്ത്താ കാട്ടാ, ഒല്ക്കൊക്കെ എന്തും ആവാലോ"
 
       കുറെ കഴിഞ്ഞപ്പോളാണ് എനിക്ക് മനസിലായത് അവര്‍ സംസാരിക്കുന്നത് മറ്റൊന്നിനേം കുറിച്ചല്ല, നമ്മുടെ യുവഹൃദയങ്ങളെ പിടിച്ചുകുലുക്കുന്ന "ഷവര്‍മ്മ" എന്നവനെക്കുറിച്ചാണെന്ന്‍.......,...
    അങ്ങനെയങ്ങനെ അല്ലറ ചില്ലറ പരിപാടികളുമോ ക്കെയായി നേരം കയ്ച്ചുന്നതിനിടയില്‍ ഡോക്ടറുടെ മുറിയുടെ വാതില്‍ തുറന്ന്‍ ഒരു "22 ഫീമെയ്ല്‍" പുറത്തുവന്നു..എന്നിട്ട് എന്‍റെ മനോഹരമായ നാമം ആവര്‍ത്തിച്ചു..
     ആ വിളി കേട്ട് ഞാന്‍ കുറച്ച് ജാടയോടെ എണീറ്റ് ചെന്നു..
   അങ്ങനെ ഞാന്‍ വൈദ്യരുടെ മുറിയില്‍ കയറി..എന്നിട്ട് മസിലും പിടിച്ച് അവിടെയുണ്ടായിരുന്ന കസേരയില്‍ ചാടിക്കയറി ഇരുന്നു..

      കണ്ടാല്‍ ഉര്‍വശിയെപ്പോലെയായിരുന്നു ആ ഡോക്ടര്‍...,...ഹോട്ടല്‍ ആണെന്ന് കയറി ഹോസ്പിറ്റലില്‍ കയറിയ പോലായിരുന്ന എന്നോട് ഡോക്ടര്‍:
: " എന്തുണ്ട് മോനെ?"
   അവരുടെ ആ 'മോനെ' വിളിയില്‍ത്തന്നെ ഒരു പന്തികേട് ഞാന്‍ ഫീല്‍ ചെയ്തിരുന്നു..എങ്കിലും മസില്‍ ഞാന്‍ വിട്ടില്ല..
അപ്പോള്‍ ഞാന്‍ : "രാവിലെ ഫയങ്കര തലവേദനയും പനിയുമായിരുന്നു ഡോക്ടറെ.."
അപ്പോള്‍ ഡോക്ടര്‍ :"എന്നിട്ട്?"
ഞാന്‍ :  "ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ അറിയിച്ചതനുസരിച്ച്  രാവിലെ ഒരു പതിനൊന്ന്‍ മണിക്ക് ഞാന്‍ തലചുറ്റി വീണു..പിന്നീട് ഒരു ഒന്നര വരെ ഫയങ്കര ക്ഷീണമായിരുന്നു..
   പിന്നീട് എന്‍റെ ഉമ്മ കട്ടഞ്ചായയില്‍ ഉപ്പിട്ട് തന്നു..അത് കുടിച്ച് കിടക്കുകയായിരുന്നു.."

  കൃഷ്ണനും രാധയും സിനിമ കാണുന്ന പോലെ "ശ്രദ്ധിച്" ഇരിക്കുകയായിരുന്നു ഡോക്ടര്‍...,...ഇത് കേട്ട ഡോക്ടര്‍: "എന്നിട്ട് അത് കുടിച്ചിട്ട് മാറിയോ?"
അപ്പോള്‍ ഞാന്‍:,: "അത് കഴിച്ചിട്ട് സുഖമുണ്ട്.."

അപ്പോഴാണ്‌ നമ്മുടെ ഡോക്ടര്‍ എടുത്തടിക്കുന്ന പോലെ ചോദിക്കുന്നത്: "പിന്നെ എന്തിനാടാ ഇജ്ജ് ഇങ്ങട്ട് പോന്നത്? "
     
    ഈ ഡയലോഗ് കേട്ടതും അവരുടെ ചിറി നോക്കി ഒന്ന്‍ കൊടുക്കാനായിരുന്നു എനിക്ക് തോന്നിയത്...
   പക്ഷെ സൗത്ത് ഇന്ത്യയിലെ 'ഇംഗ്ലീഷ്' സംസാരിക്കുന്ന ആ ഡോക്ടറെ തൊട്ടാല്‍ മഹിളാസമാജവും ഫാന്‍സ്‌ അസോസിയേഷന്‍കാരും ഇളകിവരുമെന്ന്‍ അറിയാമായിരുന്ന ഞാന്‍ അടങ്ങി ഇരിക്കുകയായിരുന്നു..
    മെലാറ്റൂരിയന്‍ രക്തം തിളച്ചു മറിയുകയായിരുന്നു...
   
ശര്ദിച്ചതിനാണ് ഞാന്‍ വന്നതെങ്കിലും അതൊക്കെ ഈ വാക്കുകള്‍ കേട്ടതോടെ ഞാന്‍ മറന്നിരുന്നു.. അവസാനം മുന്നും പിന്നും നോക്കാതെ ഞാന്‍ ഇറങ്ങിപ്പോന്നു..

പിന്നീട് ഇരുന്ന്‍ ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് അവിടെപ്പോകണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന്‍..അങ്ങനെ പി ബി യില്‍ ചെന്ന്‍ അടി വാങ്ങിയ അച്ചുമാമന്റെ ഗതിയായിപ്പോയി എനിക്ക്..
          എന്തായാലും ഞാന്‍ ഇറങ്ങിപ്പോന്നപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു..ഇത് ആസ്പദമാക്കി ഒരു "ബ്ലോഗ്‌ പോസ്റ്റ്‌" പോസ്റ്റണം എന്ന്‍ ..

Friday 23 March 2012

പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!





ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്രയോഗം "എന്‍റെ സുഹൃത്ത്" എന്ന പ്രയോഗത്തിന് പകരമാണ്..

സംഭവം നടക്കുന്നത് മേലാറ്റൂര്‍ എന്ന "മേട്രോപ്പോലിട്ടന്‍" സിറ്റിയില്‍നിന്നും വളരെ വളരെ അകലെയുള്ള ചന്തപ്പടി എന്ന അതിലും വലിയ സിറ്റിയിലാണ്..
ഈ ചന്തപ്പടി എന്ന സിറ്റിയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തിലാണ് ഞാന്‍ എല്‍.കെ.ജി മുതല്‍ പഠിക്കുന്നത്..
പന്ത്രണ്ട് വര്‍ഷം പഠിച്ചെങ്കിലും പറയത്തക്കതായ ഒരു നല്ല അനുഭവം ഉണ്ടായത് പത്താം ക്ലാസില്‍നിന്നാണ്..

ഈ വിദ്യാലയത്തില്‍ ഞങ്ങള്‍ക്ക് "ഭൗതികശാസ്ത്രം" പഠിപ്പിച്ചിരുന്ന വിദ്വാന്‍ വേറെ ജോലി കിട്ടി എന്ന് പറഞ്ഞ് "തെറ്റിപ്പോയതിനാല്‍" സെക്കന്റ് ടേം മുതല്‍ പുതിയ ഒരു വിദ്വാനായിരുന്നു ഞങ്ങള്‍ക്ക് ആ പറഞ്ഞ ശാസ്ത്രം എടുത്തിരുന്നത്..

ഈ പുതിയ വിദ്വാന്‍ വലിയ സംസാരപ്രിയനായിരുന്നുവെങ്കിലും ശുദ്ധമലയാളം അല്ലാതെ മൂപ്പരുടെ വായില്‍നിന്നും വീണിരുന്നില്ല, അതും അച്ചന്മാര്‍ കുര്‍ബാന പറയുന്നതുപോലെ വളരെ സാവധാനവും ഉച്ചത്തിലുമായിരുന്നു..

അങ്ങേരുടെ ഈ പ്രത്യേകത കാരണം ഞങ്ങള്‍ അദ്ദേഹത്തിന് ഒരു പേരിട്ടു ; "പള്ളീലച്ചന്‍"... ഏതവന്‍ വന്നാലും ചെല്ലപ്പേരിടുന്നത് എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വഭാവമാണല്ലോ..

 അങ്ങനെ പതുക്കെ പതുക്കെ ആണെങ്കിലും അച്ചന്റെ ക്ലാസ് ഒരാഴ്ച കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി..എല്ലാ വിദ്യാര്‍ത്ഥികളും അച്ചനെ "സ്വന്തം അച്ഛനെപ്പോലെ"  സ്നേഹിച്ചു...

അങ്ങനെയിരിക്കെയാണ് നമ്മുടെ പള്ളീലച്ചന്‍ ഒരു "കൊണക്കെട്" കാണിച്ചത്.. മറ്റു വിദ്വാന്മാരെപ്പോലെയും "വിദ്വാത്തി"മാരെപ്പോലെയും നമ്മുടെ അച്ഛനും ഒരു "സ്പെഷ്യല്‍ ക്ലാസ്സ്‌" വെച്ചു..

അതും ഒരു ഞായറാഴ്ച..സങ്കടം വരാന്‍ ഇതില്‍പ്പരം വേറെന്തേലും കാരണം വേണോ..

ആ പറയപ്പെട്ട ഞായറാഴ്ച മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞങ്ങളെല്ലാരും ക്ലാസ്സില്‍ ഹാജരായി..ക്ലാസില്‍ അച്ചന്‍റെ കുര്‍ബാന ശ്രദ്ധിക്കാതെ "ഈ അച്ചനെങ്ങനെ പണി കൊടുക്കാം" എന്ന് ചിന്തിക്കുകയായിരുന്നു ഞങ്ങളെല്ലാം..

കുഞ്ഞൂഞ്ഞിന് പണി കൊടുക്കാന്‍ ചിന്തിക്കുന്ന അച്ചുമാമനെപ്പോലെ ഞാനും എന്‍റെ സുഹൃത്തും ഗാഡമായ ചിന്തയിലാണ്ടു..

ഈ സമയത്തായിരുന്നു "കൂനിന്മേല്‍ കുരു" എന്ന് പറഞ്ഞപോലെ നമ്മുടെ അച്ചന്‍റെ ഒരു ചോദ്യം : "കോണ്‍കേവ് ലെന്‍സ്‌ കറുത്തിട്ടാണോ വെളുത്തിട്ടാണോ?"..

ആ ചോദ്യം ചെന്ന് വീണതോ എന്‍റെ തൊട്ടടുത്തിരിക്കുന്ന എന്‍റെ പ്രിയ സുഹൃത്തിന്റെ മേലും..

ആ ചോദ്യം കേട്ടതും എന്‍റെ സുഹൃത്തിന്റെ മുഖം വിളറി വെളുത്തു..ഉത്തരത്തിനായി അവന്‍ എല്ലായിടത്തും പരതി..
പക്ഷെ, ഒറ്റ തെണ്ടികള്‍ക്കും ഉത്തരം അറിയില്ലായിരുന്നു..

അവസാനം എന്‍റെ ഫ്രണ്ടിനെ രക്ഷിക്കാന്‍ ഞാന്‍  എന്‍റെ മനസ്സില്‍തോന്നിയ ഒരുത്തരം പറഞ്ഞുകൊടുത്തു : "മഞ്ഞ"..

വളരെ പതുക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തതെങ്കിലും അച്ഛന്‍ അത് കേട്ടു..
അച്ഛന്‍ ഉറക്കെ ചോദിച്ചു: "ഹും എന്താ അവിടെ ഒരു ബളഹം?"

സ്പെഷ്യല്‍ ക്ലാസ്സ്‌ വെച്ചതിന്റെ ദേഷ്യത്തിലായിരുന്ന ഞാന്‍ തിരിച്ചും ചോദിച്ചു :" എന്താ ഞങ്ങള്‍ക്കിവിടെ അഭിപ്രായം പറയാന്‍ അവകാശമില്ലേ?"..

എന്‍റെ ചാടിയെണീറ്റുള്ള ചോദ്യം കേട്ട ക്ലാസ്സ്‌ മുഴുവന്‍ കയ്യടിച്ചു..അപ്പൊ എനിക്ക് ഉശിര് കൂടിക്കൂടി വരുകയായിരുന്നു..

എന്‍റെ ചോദ്യം കേട്ടു നമ്മുടെ അച്ചനും ഒന്ന് വിരണ്ടെങ്കിലും അദ്ദേഹം തിരിച്ചടിച്ചു : "ഇല്ല, എന്‍റെ ക്ലാസ്സില്‍ നിന്റെ അഭിപ്രായം ആവശ്യമില്ല.."


ഇത് കേട്ട് എന്‍റെ "മേലാറ്റൂരിയന്‍ രക്തം" തിളച്ചുമറിഞ്ഞു..ഞാന്‍ വീണ്ടും : "എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ എവിടേം പറയും..ഞാന്‍ ഒരിന്ത്യന്‍ പൌരനാണ്"..

വീണ്ടും കയ്യടി, വീണ്ടും ഉശിര്..

ഇത് കേട്ടപ്പോള്‍ നമ്മുടെ പള്ളീലച്ചന്‍ സാത്താനായി..അദ്ദേഹം അരുളി : "മാണ്ടാത്തോടത്ത് കേറി അഭിപ്രായം പറഞ്ഞാല്‍ അന്റെ ചിറീത്തെ പല്ല് ഞാന്‍ അടിച്ചുകൊഴിക്കും"..

ഈ ഒരു ഡയലോഗ് കേട്ടതോടെ എന്‍റെ ഉശിര് മുഴുവന്‍ പത്തിമടക്കി..അച്ചന്‍റെ സ്വന്തം കപ്യാരായി ഞാന്‍ പൂച്ചക്കുട്ടിയെപ്പോലെ ഒരു പാത്തിരുന്നു..

പിന്നീടൊരിക്കലും ഞാന്‍ "അഭിപ്രായം" പറഞ്ഞിട്ടില്ല; എവിടെയും..



ഗുണപാഠം: എന്ത് വന്നാലും ചെലക്കരുത്, ചെലച്ചാല്‍ ഇതുതാന്‍ ഗതി..

============================================================

കല്ലുമണി: ഇതില്‍പറഞ്ഞ എന്‍റെ സുഹൃത്ത് എന്നോട് ക്ഷമിക്കണ്ട എങ്കിലും വിദ്വാന്മാര്‍ എന്നോട് ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥന..

കല്ലുമണി രണ്ട്: ഈ കൊച്ചുപയ്യന്റെ പോസ്റ്റ്‌ ബോറായി തോന്നിയെങ്കിലും നന്നായി തോന്നിയെങ്കിലും ആ തോന്നലുകള്‍ കമന്റായി ഇടണം എന്ന്‍ അപേക്ഷ.. 

 കൂടുതല്‍ വസീകരണങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക..



Wednesday 21 March 2012

എന്താ കഥ ലേ!..




ഇന്ന്‍ ആദ്യമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഇടുകയും അതിന് കമന്റുകളും കിട്ടിയപ്പോളുണ്ടായ ഒരു അനുഭൂതി!..ഹാ.. അത് ഒരു പ്രത്യേക അനുഭൂതി തന്നെയാണ്..
പണ്ട് ചിത്രം വരച്ച് ഉമ്മാക്ക് കാണിച്ചുകൊടുത്ത് ഉമ്മ നന്നായിട്ടുണ്ടെന്ന്‍ പറഞ്ഞാല്‍ കിട്ടുന്ന ഒരു സുഖമുണ്ട്, ആ സുഖം ഇപ്പൊ ബ്ലോഗ്‌ പോസ്റ്റിനു നല്ല കമന്റുകള്‍ കിട്ടുമ്പോള്‍ കിട്ടുന്നുണ്ട്..

ആ സുഖത്തിനിടയിലും ഞാന്‍ ആലോചിക്കുകയായിരുന്നു; കാലം പോയ പോക്കേയ്....
മൂന്ന്‍ രൂപക്ക് കിട്ടിയിരുന്ന "ബാലരമ"ക്ക് ഇപ്പൊ പത്ത്‌ രൂപയായി, പിണറായി വിജയന്‍ ക്രിസ്ത്യാനിയായി, മഅദനി വീണ്ടും ജയിലിലായി, ഞാന്‍ മൊട്ടത്തലയനായി, എഴുത്തും കുത്തും വരയും എല്ലാം ഇപ്പൊ സൈബര്‍ലോകത്തായി...എന്താ കഥ ലേ!..



 നാലാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ബാലരമയിലെക്ക് ചിത്രം വരച്ച് അയച്ചുകൊടുക്കുമായിരുന്നു..ഒന്നും ഇതുവരെ പബ്ലിഷ് ആയിട്ടില്ലെങ്കിലും അത് എന്റെ ശീലമായിരുന്നു..

ഇന്ന്‍ ആര്‍ക്കും എന്തും വേണമെങ്കില്‍ പബ്ലിഷ് ചെയ്യാം, ഒരു ഇന്റര്‍നെറ്റ് കണക്ഷനും അല്പം മംഗ്ലിഷ് വിദ്യാഭ്യാസവും ഉണ്ടായാല്‍ മതി; എന്ത് കുന്തം വേണമെങ്കിലും പബ്ലിഷ് ചെയ്യാം...കണ്ടില്ലേ ഞാന്‍ വരെ പബ്ലിഷ് ചെയ്യാന്‍ തുടങ്ങി..എന്താ കഥ ലേ!..

പബ്ലിഷ് ചെയ്യാന്‍ ഇത്ര എളുപ്പമായിട്ടും പരീക്ഷയിലെന്നപോലെ കോപ്പിയടി നടക്കുന്നുണ്ട്..എന്താ കഥ ലേ!..

സന്തോഷ്‌ പണ്ടിറ്റും സില്സിലയും സിന്ധു ജോയിയും അടക്കിവാഴുന്ന ഈ കാലത്ത് സൈബര്‍ ജാലകം എന്തിനൊക്കെ വഴി തുറക്കുന്നുണ്ട് ലേ!..

രാത്രി സുബരാത്രി മുതല്‍ കൊലവെരി വരെ സൈബര്‍ ലോകം വിജയിപ്പിച്ചില്ലേ.. ഈ ഇന്റര്‍നെറ്റ്‌ ഇല്ലെങ്കി ഇതൊക്കെ നടക്കോ?..ഈ ഇന്റര്‍നെറ്റിനെ സമ്മതിക്കണം..

പണ്ടൊക്കെ "കാള പെറ്റാല്‍ കയറായിരുന്നു എടുത്തിരുന്നത്," ഇപ്പോള്‍ കാള പെറ്റാല്‍ കീബോര്‍ഡ് ആണെടുക്കാറ്; "ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ടേറ്റ്‌" ചെയ്യാന്‍..എന്താ കഥ ലേ!..

എന്റെ അനിയന്‍ പറയാറുള്ളത് പോലെ "ഈ മന്സന്മാരെന്താ ഇങ്ങനെ?"..വീട്ടിലെ കോഴി മുട്ടയിട്ടാല്‍, സ്വന്തം തലയൊന്ന്‍ മൊട്ടയടിച്ചാല്‍, എന്തിന്; രണ്ടിന് മുട്ടിയാല്‍ പോലും ആ വിവരം സ്റ്റാറ്റസ് ആയി ഇടും..എന്താ കഥ ലേ!

കല്ലുമണി: ബ്ലോഗിങ്ങിന്റെ സാധ്യതകളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്ന കുറെ ചേട്ടന്മാരില്‍നിന്നും കിട്ടിയ പ്രചോദനത്തിന്റെ ഫലമാണ് ഇപ്പൊ ഈ കാണുന്ന "വസീ"കരണം...
ഇപ്പൊ ഞാന്‍ എഴുതിക്കൂട്ടിയ ഈ പോസ്റ്റ്‌ ആരും വായിക്കില്ലെങ്കിലും ഞാന്‍ ഇത് പോസ്റ്റിയതിന്റെ സന്തോഷത്തിലാണ്..എന്റെ ആദ്യ പോസ്റ്റിനു നല്ല സഹകരണം തന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്..

കല്ലുമണി രണ്ട്: ഈ പോസ്റ്റിയ സാധനത്തില്‍ എന്തേലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം എന്ന്‍ അപേക്ഷ...

 

 കൂടുതല്‍ വസീകരണങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക..

ഒരു മൊട്ടക്കഥ..



ഒരു ഞായറാഴ്ച, സമയം ഉച്ച; ഉച്ചര; ഉച്ചേമുക്കാല്‍ ആയിട്ടുണ്ടാവും..
കൈത്തരിപ്പ്‌ മാറാത്ത പ്രായവും പരീക്ഷാ അവധിയും ഒരുഗ്രന്‍ കല്യാണത്തിന് പോയി തട്ടിവന്നതിന്റെ ക്ഷീണത്തിലും ആയിരുന്നതിനാല്‍ എന്തെങ്കിലും "വസീകരണം" ചെയ്യാന്‍ എന്റെ "ഹൃദയം(അങ്ങനെയൊന്നുണ്ടോ എന്നെനിക്കറിയില്ല)" തുടിച്ചു...
അങ്ങനെ വീട് മുഴുവന്‍ തിരഞ്ഞതിനു ശേഷം ഒരു മൊബൈല്‍ കയ്യില്‍ കിട്ടി..
പിന്നെ ആ മൊബൈല്‍ കൊണ്ട് എന്ത് ചെയ്യണം എന്നായി ചിന്ത..
പെട്ടെന്ന്‍ മനസ്സില്‍ ലഡ്ഡു പൊട്ടി..ആ മൊബൈല്‍ കയ്യിലെടുത്ത്‌ ഞാന്‍ ഇങ്ങനെ ടൈപ്പ് ചെയ്തു :"ഹഹ..എല്ലാവരും കേള്‍ക്കുവിന്‍ ഞാന്‍ മൊട്ടയടിച്ചു..:-)", എന്നിട്ട് എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആ സന്ദേശം അയച്ചു..
ചില മറുപടിസന്ദേശങ്ങള്‍ കിട്ടി: "തന്നെ?" "നന്നായി ഡാ" എന്നിങ്ങനെ..

അങ്ങനെ എല്ലാരേം മണ്ടന്മാരക്കിയ സന്തോഷത്തില്‍ മേലാറ്റൂര്‍ ഷാജി മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാമാങ്കം കാണുവാന്‍ വേണ്ടി ഞാന്‍ മേലാറ്റൂരിലെക്കിറങ്ങി..
മണിക്കൂറുകളോളം നീണ്ടുനിന്ന ഫൈനല്‍ മത്സരം കണ്ടതിനു ശേഷം അല്പസ്വല്പം  കൂക്കിവിളികളും മുക്രയിടലും ചെയ്ത് ഞാന്‍ വിജയികളുടെ കൂടെ അങ്ങനെ നടക്കുകയായിരുന്നു..

നടത്തത്തിനിടയില്‍ ചുറ്റും നോക്കിയ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും "പത്ത്‌ കണ്ണുകള്‍" എന്നെ തേടി വരുന്നത് ശ്രദ്ധിച്ചു..
സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി ആ കണ്ണുകളുടെ ഉടമസ്ഥര്‍ ഞാന്‍ നേരത്തെ മണ്ടന്മാരാക്കിയ  ബുദ്ധിമാന്മാരാണെന്ന്‍..
അവരെ കാണാതെ ഞാന്‍ മെല്ലെ "അവുങ്ങാന്‍" നോക്കി, അവര്‍ പുറകെ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പത്തൊന്‍പതാം അടവെടുത്തു; "ഓട്ടം"..
ഉസൈന്‍ ബോള്‍ട്ട് പോലും ഓടാത്ത സ്പീഡില്‍ ഓടിയെങ്കിലും അവന്മാര്‍ എന്നെ പിടിച്ചു..
അവന്മാര്‍ എന്റെ മൊട്ടത്തല കാണാന്‍ വേണ്ടി എന്റെ വീട്ടില്‍ പോയി വരുന്ന വഴിയാണ്..
ഞാന്‍ മുണ്ഡനം ചെയ്തിട്ടില്ല എന്നാ സത്യം വളരെ പകയോടെയും ദുരുദ്ദേശത്തോടെയും ആ തെണ്ടികള്‍ മനസ്സിലാക്കിയിരുന്നു..
 ആ ദുരുദ്ദേശം എന്നെക്കൊണ്ട്പോയി മൊട്ടയാക്കല്‍ ആയിരുന്നുവെന്ന്‍ പിന്നീടെനിക്ക് മനസ്സിലായി..

എന്റെ ടീം കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ഞാന്‍ പിന്നെ എന്റെ എല്ലാമെല്ലാമായിരുന്ന "ചുരുണ്ട മുടി" പോവുന്നതിന്റെ ആഘാതത്തിലായിരുന്നു..
പിറവത്ത് തോറ്റ എം.ജെ സാറിനെപ്പോലെ ഞാന്‍ നിരാശനായി ഇരുന്നു..

ആ ഇരുത്തത്തിനിടയില്‍ ഞാന്‍ കണ്ടു; എന്റെ തലയെ ലക്ഷ്യമാക്കി വരുന്ന ആ ബാര്‍ബറെ..
ജനിച്ചിട്ട് ഇതുവരെ മുഴുവനായി നനഞ്ഞിട്ടില്ലാത്ത എന്റെ പ്രിയതലമുടി ആ കരാളഹൃദയന്‍ നനച്ചു..
അതിനുശേഷം അച്ചുമാമന്റെ ജെ.സി.ബികള്‍ മൂന്നാറില്‍ കാട്ടിക്കൂട്ടിയതുപോലെ അദ്ധേഹത്തിന്റെ ബ്ലേഡും കത്തിയും എന്റെ സുന്ദരമായ മുടി ഓരോന്നായി അറുത്തുമാറ്റാന്‍ തുടങ്ങി..
കാന്തപുരത്തിന്റെ മുടിയെക്കാളും എന്റെ മുടി എനിക്ക് പ്രിയപ്പെട്ടതായിരുന്നു..

മിനിട്ടുകള്‍ക്ക് ശേഷം എന്റെ തലയെത്തേടി കണ്ണാടിയില്‍ നോക്കിയ ഞാന്‍ കണ്ടത് എ.കെ.ആന്റണി സാറിന്റെ തലപോലെ വിജനമായ ഒരു തലയായിരുന്നു..
അവസാനം എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാന്‍ നിന്നപ്പോളാണ് ഓര്‍ത്തത്; കൂലി കൊടുത്തിട്ടില്ല..
ബാര്‍ബര്‍ ചേട്ടന്റെ കൂലി എന്റെ കൂട്ടുകാര്‍ കൊടുക്കുമെന്ന്‍ കരുതിയ ഞാന്‍ അവരെ നോക്കി..
അപ്പോള്‍ ഞാന്‍ കണ്ട കാഴ്ച!.. "എല്ലാ തെണ്ടികളും, എന്തിന് എന്റെ ബെസ്റ്റ് ഫ്രണ്ടും ബൈക്കിന്മേല്‍ കയറി ഇരുന്ന്‍ എന്നോട് ബാര്‍ബറെ സെറ്റില്‍ ചെയ്ത് വരാന്‍ പറയുന്നു"..
" യൂ റ്റൂ ബ്രൂട്ടസന്മാരെ", ഞാന്‍ മനസ്സില്‍ വിളിച്ചു..

അങ്ങനെ ഞാന്‍ മൊട്ടത്തല മറക്കാന്‍ ഒരു തൊപ്പി വാങ്ങി, അതിന്റെ ബാലന്‍സ് പണവുമായി ആ ബ്രൂട്ടസന്മാര്‍ ബേക്കറിയിലേക്ക് കയറിയത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ..അപ്പോഴേക്കും ഞാന്‍ ദരിദ്രനായിക്കഴിഞ്ഞിരുന്നു..
 =========================================================================

കല്ലുമണി: "ഈ കഥയില്‍ പറഞ്ഞതില്‍ എന്തെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍(എന്റെ കൂട്ടുകാരെയൊഴികേ) ഞാന്‍ ക്ഷമ ചോദിക്കുന്നു.."


കല്ലുമണി രണ്ട്: "ഇതെന്റെ ആദ്യത്തെ പോസ്റ്റാണ്..തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക.."  


 കൂടുതല്‍ വസീകരണങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക..





പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!

ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്...