Thursday 22 April 2021

ബാല്യവും ബൈജുവേട്ടനും

"പിന്നീട് ഓർക്കുമ്പോൾ ഏറ്റവും സന്തോഷിപ്പിക്കുന്നത് ആ ഓർമകളാണ്, 
ഏറ്റവും സങ്കടപ്പെടുത്തുന്നത് ആ തിരിച്ചറിവുമാണ്. "


ഇരുപത് വയസ്സ് തികയുന്നതിനു തൊട്ടുമുമ്പാണ് പഠനാവശ്യാർഥം നാടും നാട്ടുകാരെയും കൂട്ടുകാരെയും വിട്ട് എനിക്ക് പോവേണ്ടി വന്നത്. വൈകുന്നേരത്തെയും അവധി ദിവസങ്ങളിലെയും കളിയും കൂട്ടുകാരും ഇല്ലാത്ത ഒരു ജീവിതം അത്രയും കാലം വരെ എനിക്ക് ഉണ്ടായിട്ടില്ല. 

കുട്ടിക്കാലവും കൗമാരവുമെന്നാൽ എനിക്ക് കൂട്ടുകൂടി കളിച്ച കണ്ടവും കുളിച്ച കുളവും നടന്നുതീർത്ത ഊടുവഴികളുമായിരുന്നു. 

നാട്ടില്‍ നിന്നും മാറിനിന്ന അന്നുമുതല്‍ എനിക്ക് നാട്ടിലുള്ളവരോട് അസൂയയാണ്, എന്റെ യൗവ്വനത്തിനെ വിധി എന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ച് അവര്‍ക്ക് കൊടുത്തല്ലോ എന്നതിലുള്ള കടുത്ത അസൂയ. 

ആറു മാസത്തിലൊരിക്കൽ ഞാൻ നാട്ടില്‍ വരും,
കല്യാണങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ബന്ധുക്കളെ കണ്ടില്ലെങ്കിലും
ഗ്രൗണ്ടില്‍ പോയി പഴയ പോലെ ഒന്ന് കളിക്കും,
അതിനുശേഷം വിയര്‍പ്പോടെ കുളത്തിൽ പോയി കുളിച്ച്  വക്കത്ത് കൂട്ടുകാരുടെ കൂടെ കുറച്ച് നേരം ഇരിക്കും.

പക്ഷേ കാലം വീണ്ടുമുരുണ്ടപ്പോൾ ഞങ്ങടെ കണ്ടത്തില്‍
ഗോൾപോസ്റ്റിനു പകരം കപ്പത്തണ്ടുകള്‍ ഉയർന്നു,
സ്കൂൾ സ്മാർട്ട് ആയെന്നും ഇനി അനിയന്ത്രിത ആക്സസ് ഇല്ലെന്നും പറഞ്ഞ്‌ സ്കൂൾ ഗ്രൗണ്ടിനും താഴ് വീണു. സൈക്കിള്‍ ചവിട്ടിയും സൊറ പറഞ്ഞും താണ്ടിയിരുന്ന വഴികള്‍ വികസനത്തിന് വഴിമാറി,
ഗ്രൗണ്ടും കണ്ടവും ടര്‍ഫിന് കീഴടങ്ങി, കൂട്ടുകാർ ജീവിതത്തിനും.
ആകെ ബാക്കിയുള്ളത് അന്നത്തെ വിയര്‍പ്പുതുള്ളികള്‍ കഴുകികളഞ്ഞ കുളം മാത്രം.

2018-ൽ  ലീവിനു വന്ന സമയത്ത്‌ തിരക്കിട്ട് എങ്ങോട്ടോ പോകുന്ന വഴിയില്‍ ഞാൻ ഗ്രൗണ്ടിലൊന്നു കയറി.
അവിടെ കളിച്ചുകൊണ്ടിരുന്ന  കൊച്ചു പിള്ളേരുടെ കൂടെ അൽപനേരം ഒന്ന് കളിച്ചു.
അതാണ് ഞാൻ അവസാനമായി ആ ഗ്രൗണ്ടില്‍ കളിച്ച കളി.
അവസാനത്തേതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ
ഞാൻ രണ്ട് ഷോട്ടുകൾ അധികം എടുത്തേനെ,
തിരക്ക് ഒഴിവാക്കി മതിമറന്ന് അന്നുമുഴുവന്‍ കളിച്ചേനെ,
ആ മണ്ണില്‍ നഗ്നപാദനായി  ഇത്തിരിനേരം കൂടി ഒന്ന് നില്‍ക്കുകയെങ്കിലും ചെയ്തേനെ.

പഴയ ടീമിലെ ഗോളിയും, കളിക്കാരും ക്യാപ്റ്റനും ഇന്നും നാട്ടില്‍ വരാറുണ്ട്,
പക്ഷേ ആരും പിന്നീട് ഒരുമിച്ച് കളിച്ചിട്ടില്ല.
എല്ലാവരും കൂടി ഒരുമിച്ച് അവസാനമായി കളിച്ചത് എന്നാണെന്ന് ചോദിച്ചാൽ
ആര്‍ക്കും ഓര്‍മ്മ പോലുമില്ല.
കുളത്തിലെ കുളി വല്ലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും ആരുടെ മുഖത്തും പഴയ ആ ആനന്ദമില്ല,
ദേഹത്ത് പഴയ വിയര്‍പ്പു തുള്ളികളുമില്ല.
പകരം വിയർപ്പുപോൽ ഉപ്പുരസമുള്ള കണ്ണുനീര്‍തുള്ളികള്‍ എല്ലാവരുടെ കണ്ണുകളിലും തിളങ്ങും. 

ചേറിലും പാടത്തും ക്രിക്കറ്റും ഫുട്‍ബോളും കളിച്ച ഓർമ്മകൾ  മനസ്സിലും
പണ്ട് സൈക്കിളിൽ നിന്ന് വീണതിൻറെ മുറിപ്പാടുകൾ ശരീരത്തിലും ഉണ്ടെങ്കിലും
അതെല്ലാം അവസാനമായി ചെയ്തത് എന്നാണെന്ന് ഓർമ്മയില്ല.
ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റില്‍ വെച്ച് എല്ലാ വ്യക്തിയും
അവരുടെ കൂട്ടുകാരോടൊത്ത്  അവസാനമായിട്ടൊന്ന് ക്രിക്കറ്റോ ഫുട്‍ബോളോ കളിച്ചിരിക്കും,
പക്ഷേ മിക്കവരും അന്നത് തിരിച്ചറിയുന്നില്ല.

പിന്നീട് ഓർക്കുമ്പോൾ ഏറ്റവും സന്തോഷിപ്പിക്കുന്നത് ആ ഓർമകളാണ്,
ഏറ്റവും സങ്കടപ്പെടുത്തുന്നത് ആ തിരിച്ചറിവുമാണ്.
ഒരുപാട് ചെയ്തു തീർക്കാൻ ബാക്കി വെച്ച് നമ്മുടെ ബാല്യം നമ്മളെ വിട്ടുപോയി എന്നുള്ള തിരിച്ചറിവ്.

ഇന്നും യാത്രകള്‍ക്കിടയിൽ കളിക്കളങ്ങൾ കണ്ടാല്‍ അല്പനേരം നോക്കിനിൽക്കാറുണ്ട്,
ടൂര്‍ണമെന്റുകളുടെ പരസ്യം കാണുമ്പോള്‍ പഴയ ക്ലബും ടീമും
ടൂര്‍ണമെന്റ് ഫീസിന് വേണ്ടിയുള്ള പിരിവും ഓര്‍ക്കാറുണ്ട്.
കളി എട്ടുനിലയിൽ പൊട്ടിയാലും 'ടോസിൽ പോയെടാ' എന്ന് മാത്രമേ നാട്ടുകാരോട് പറയാറുള്ളൂ,
കാരണം പണം പിരിച്ചുതന്ന അവർ സത്യമറിഞ്ഞാൽ അടുത്ത ടൂർണമെന്റിന് പിരിവ് തന്നില്ലെങ്കിലോ.
കപ്പടിച്ചാല്‍ റാലിയായ് വന്ന് അവരുടെ മുമ്പില്‍ നടത്തുന്ന പട്ടിഷോകളും ഇന്നും മനസ്സിലുണ്ട്.

കളിക്കാര്‍ക്ക് പകരം കപ്പ നാട്ടിയ കണ്ടവും 
താഴിട്ടു പൂട്ടി ആരവം നിലച്ച സ്കൂൾ ഗ്രൗണ്ടും
വെള്ളം താഴ്ന്ന കുളവും ഇപ്പോഴും നാട്ടിലുണ്ട്,  

ജീവിച്ചു തീരുന്നതിന് മുമ്പ്‌ അറുത്തു മാറ്റിയ
കുട്ടിക്കാലത്തിന്റെ രക്തസാക്ഷി മണ്ഡപങ്ങളായ്.

====================

CA ആർട്ടിക്കിൾഷിപ്പിന്റെ തിരക്കിനിടയില്‍ 2019-ലെ ഒരു രാത്രിയിൽ രക്ഷാധികാരി ബൈജു വീണ്ടും കണ്ടപ്പോൾ മനസില്‍ തോന്നിയതാണ്, ഒരു കുറിപ്പ് കൊണ്ടെങ്കിലും എന്റെ ഓര്‍മ്മകള്‍ക്ക് അമരത്വം തീര്‍ക്കണമെന്ന്. 

രഞ്ജന്‍ പ്രമോദിനും അര്‍ജുന്‍ ടി എസിനും തീര്‍ത്താൽ തീരാത്ത നന്ദിയുണ്ട്, എന്നും നെഞ്ചില്‍ വേദന തീര്‍ക്കുന്ന ആ പഴയ ഓര്‍മകളെ വീണ്ടും ഉണര്‍ത്തിയതിന്. 

നന്ദി ബിജുവേട്ടാ, ബൈജുവായതിന്. 

നന്ദി പോത്തേട്ടാ, എന്നെയും എന്നെ പോലുള്ള ഒരുപാടു പേരെയും അഭ്രപാളിയില്‍ ജീവിച്ചുകാണിച്ചതിന്.

10th August 2019

No comments:

Post a Comment

പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും..!

ഇത് എന്‍റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ്..ആ അനുഭവം ഞാന്‍ എന്‍റെ പേരില്‍ പോസ്റ്റുന്നു..ഈ പോസ്റ്റില്‍ "ഞാന്‍" എന്ന പ്...